Bobby Jose Kattikadu

ഓർമ: മുള്ളും പൂവും

{ഓർമ: മുള്ളും പൂവും}

ബോബി ജോസ് കട്ടികാട്

 
മറക്കില്ല എന്നാണ് നാം ഓരോ നിമിഷവും പറയാൻ ശ്രമിക്കുന്നത്. പഴയ പുസ്തകക്കെട്ടുകൾ അടുക്കിച്ചിട്ടപ്പെടുത്തുമ്പോൾ പലവർണത്താളുകളുള്ള ഒരു ചെറിയ പുസ്തകം കണ്ണിൽപ്പെടുന്നു. പത്താം ക്ലാസ് പിരിയുമ്പോൾ വാങ്ങിയ ഓട്ടോഗ്രാഫ് ആണത്. ഓരോ താളിലും മറക്കരുതെന്ന വാക്ക് പല രീതിയിൽ സഹപാഠികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുതന്നെയാണ് അവരുടെ ഓർമപ്പുസ്തകത്തിൽ തിരിച്ചെഴുതാൻ ശ്രദ്ധിച്ചിരുന്നതും. കാലത്തിന്റെ ഒരു ബിന്ദുവിൽ വച്ച് പല കാരണങ്ങൾകൊണ്ടും ഒറ്റപ്പെടേണ്ടവരാണെന്ന തിരിച്ചറിവിൽ ഭൂതകാലത്തിന്റെ ഈ കൗതുകങ്ങളെ വീണ്ടും പൊടിതട്ടിയെടുക്കുക രസമാണ്. ചിലപ്പോൾ ചിതലരിച്ചോ കൈമോശം വന്നോ ഓർമകളുടെ വർണരേഖകൾ മാഞ്ഞു പോകാം. തുടർവഴികളിൽ ശാരീരികമായി നിശ്ചലരായിപ്പോകുന്നവർക്ക് സ്കൂൾമുറ്റങ്ങളുടെയും ചെറുയാത്രകളുടെയും സൗഹൃദങ്ങളുടെയും ഓർമകളല്ലാതെ മറ്റെന്താണ് കൈമുതലായുള്ളത്? സത്യത്തിൽ വിഷയം ഇതൊന്നുമല്ലെങ്കിൽപ്പോലും യാദൃച്ഛികമായി കൈയിൽ എത്തിച്ചേർന്ന നാലാം വിരലിൽ വിരിയുന്ന മായ എന്ന പുസ്തകം ഓർമകളുടെ വസന്തവും ശിശിരവും കടന്ന് കാലത്തോടൊപ്പം മുന്നേറി വർത്തമാനത്തിന്റെ ഏറ്റവും ശുഭകരമായ നിമിഷത്തിൽ എത്തിനിൽക്കുന്നു. എന്നിട്ടും ആ പുസ്തകത്തിൽ ആവർത്തിക്കുന്ന സ്കൂൾ ഓർമകളും ഓട്ടോഗ്രാഫും ആശുപത്രിക്കാലവും ബന്ധങ്ങളുടെ പരിണാമവും സാമൂഹിക ജീവിതവും ജീവിതാഭിരതിയും തീവ്രമായ ജ്ഞാനാന്വേഷണവും എല്ലാം ഘനീഭവിച്ചുപോയ ഒരു കാലത്തിന്റെ, മറവിയുടെ വാൾത്തലപ്പുകളിലൂടെ സഞ്ചരിക്കുന്നു. അദൃശ്യമായി പടരുന്ന വിഷാദശ്രുതി വായനക്കാർ അനുഭവിച്ചേ മതിയാകൂ. റുമാറ്റോയ്ഡ് ആർത്രെറ്റിസ് എന്ന അസുഖത്താൽ പത്താം ക്ലാസിന്റെ പകുതിയിൽ സ്കൂൾമുറ്റത്തോട് വിടപറയേണ്ടി വന്ന മായ രോഗാതുരമായ കാലത്തെ തികച്ചും അതിജീവനബുദ്ധിയോടെയാണ് നേരിട്ടതും ആവിഷ്കരിക്കുന്നതും. ഒരു മുറിക്കുള്ളിലിരുന്നുകൊണ്ട് ലോകത്തെ അറിയുന്നതിന്റെ പരിമിതികളും വേദനകളും സ്വപ്നഭംഗങ്ങളും വിസ്മൃതികളും ഒന്നും കാണാതെ പോവരുത്. ശരീരം ഉണ്ടാക്കുന്ന കെണികളിൽ നിസ്സഹായതയോടെ അകപ്പെട്ടുപോകുന്നവർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ഹെലൻ കെല്ലറെയോ സ്റ്റീഫൻ ഹോക്കിങിനെയോ ഉദാഹരണമായി നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കുന്നു. അതിനുമപ്പുറം സ്വപ്നങ്ങളും പ്രതീക്ഷകളും കാമനകളും ഒക്കെയുള്ള സമൂഹജീവികളാണ് അവരെന്ന് തിരിച്ചറിയുന്നത് ഉള്ളം നീറിയെഴുതുന്ന സാന്ദ്രമായ എഴുത്തുകളിലാണ്. മായയുടെ അനുഭവങ്ങൾ വായിച്ച് തീർന്നപ്പോൾ എന്തുകൊണ്ടോ അടർന്നു പോയ ഒരു കാലത്തിലേക്ക് പിൻമടങ്ങണമെന്ന് തോന്നി. ഘടികാരസൂചികൾ തിരിച്ചു ചലിപ്പിക്കണമെന്നു തോന്നി. അമ്മ, അച്ഛൻ, സഹോദരങ്ങൾ, അദ്ധ്യാപകർ, കൂട്ടുകാർ, രോഗികൾ, ഡോക്ടർമാർ, സാന്ത്വനചികിത്സകർ, സാമൂഹിക പ്രവർത്തകർ, എഴുത്തുകാർ അങ്ങനെ അനേകം പേർ ഈ ഓർമകളുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ട്. ആത്മത്തിന്റെ ഭാഷയിൽ എത്രയോ നിറങ്ങൾ തെളിഞ്ഞും മാഞ്ഞും പോകുന്നു. മായ മനസ്സുകൊണ്ട് ചലിക്കുകതന്നെയാണ്. സ്കൂൾകാലം തീർന്നുവെന്ന് തിരിച്ചറിയുമ്പോഴും ചേട്ടനോട് പറഞ്ഞ് ഓട്ടോഗ്രാഫ് വാങ്ങിപ്പിക്കുവാൻ മറക്കുന്നില്ല. ഈ പുസ്തകത്തിലെ ഏറ്റവും വിലപ്പെട്ടതും സങ്കടകരവുമായ ഒരു നിമിഷമായാണ് അതനുഭവപ്പെട്ടത്. ജീവിതം ഏതു രീതിയിൽ വന്നാലും ഓർമകളുടെ ഭാഗമായി നിൽക്കാനുള്ള തീവ്രമായ ഇച്ഛതന്നെയാണ് ജീവന്റെ ലക്ഷണം. ഇടയ്ക്കിടെ നിശ്ചലവഴികളിൽ ഒരു വീണ്ടുവിചാരം പോലെ ഓട്ടോഗ്രാഫ് കടന്നുവരുന്നുണ്ട്. ‘സൗഹൃദം സുകൃതം’എന്ന കുറിപ്പിൽ ഹൃദയത്തോട് ഒട്ടിച്ചേർന്നു നിൽക്കുന്ന കൂട്ടുകാരി എന്തുകൊണ്ടോ ഓട്ടോഗ്രാഫിൽ എഴുതിയില്ല എന്ന് ഉൾക്കാഴ്ചയോടെ തിരിച്ചറിയുന്നുണ്ട്, തിരിച്ചും..
 
മായ അടിസ്ഥാനപരമായി ഒരു എഴുത്തുകാരിയാണ്. അനുഭവക്കുറിപ്പുകളിൽ ഓർമയും മറവിയും പരിണാമവും കാലവും എല്ലാം ഇത്ര ശക്തമായി അനുഭവപ്പെടാൻ കാരണമതാണ്. ആത്മാനുതാപത്തിന്റെ ഭാഷയെ കണ്ടില്ലെന്ന് വയ്ക്കാനാവില്ല. മായയുടെ വാക്കുകൾ:
 
“എനിക്കെന്റെ മുറ്റം കാണുന്നതുതന്നെ വല്ലാത്ത വേദനയായിരുന്നു. കാരണം, അവിടെ വരുന്ന ഓരോ മാറ്റവും എന്നെ വേദനിപ്പിച്ചു .പ്രത്യേകിച്ചും ഞാൻ നട്ടുവളർത്തിയ ചെടികൾ, അവ നിന്നയിടത്തേയ്ക്ക് നോക്കുമ്പോൾ കണ്ടെന്നുവരില്ല! അപ്പോഴാണ് അവ നശിച്ചുപോയിട്ടുണ്ടെന്നറിയുകയും മറ്റുചിലത് ഉയരം വച്ചു വലിയ വൃക്ഷങ്ങളായി കണ്ടാൽ തിരിച്ചറിയാൻ പറ്റാത്തതുപോലെ അവിടെത്തന്നെ നില്പുണ്ടാവും. ആ മാറ്റങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.”
 
പങ്കുവയ്ക്കുന്ന വികാരങ്ങളുടെ സാധാരണത്തമാണ് ഈ കുറിപ്പുകളെ അനന്യമാക്കുന്നത്. ഹൃദയമിടിപ്പുകൾ പോലെ അനിശ്ചിതമായ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിക്കുന്ന വാക്കുകൾ:
ജന്മജന്മാന്തരങ്ങളുടെ ഊടുവഴികളിൽ ഒറ്റപ്പെട്ടു വഴിയറിയാതെ നട്ടംതിരിയുന്ന വെറും പാഴില. എനിക്ക് ഈ ഇരുട്ടിൽനിന്ന് പുറം കടക്കണം. മനസ്സിന്റെ തിങ്ങിവിങ്ങലുകളിൽ, ചുഴിയിൽപ്പെട്ടു പോകാതെ കാലത്തിന്റെ നെറുകയിൽ പ്രകാശം പരത്തുന്ന നക്ഷത്രമായി ഉദിക്കണം. അതിനെന്തു വഴി? പ്രത്യേകിച്ചൊന്നും തെളിഞ്ഞില്ല. പക്ഷേ എനിക്ക് ഞാൻ ആകണം. ആരുമറിയാതെയെങ്കിലും എനിക്ക് കാലത്തിനൊപ്പം നടക്കണം! എനിക്കറിയണം ഭൂലോകത്തിന്റെ ചലനം പോലും. സ്പന്ദിക്കുന്ന, ഒച്ചിഴയുന്ന നിമിഷങ്ങളിൽ കാലത്തെ അതിജീവിക്കണം എന്ന അതിയായ ആഗ്രഹം എന്നിൽ ഉറച്ചു.”
 
നിങ്ങൾ വൈകാരികമായി ജീവിതത്തെ സമീപിച്ചാൽ ജീവിതം ഒരു ദുരന്തവും വൈചാരികമായി സമീപിച്ചാൽ ജീവിതം ഒരു ഫലിതവുമായിരിക്കുമെന്ന സിസിഫസ് പുരാണത്തിലെ ദർശനത്തോടെയാണ് പുസ്തകം വായിക്കാൻ എടുത്തത്. കാരണം “സത്യത്തിൽ ജീവിതം തന്നെ ഒരു വലിയ തമാശയാണ്” എന്ന മുഖക്കുറിതന്നെ. എന്നാൽ വായിച്ചു തീരുമ്പോൾ മറുപിറവിയുടെ പ്രകാശം വമിക്കുന്ന കാഴ്ചകൾക്കൊപ്പം മറവിയുടെയും ഓർമകളുടെയും നഷ്ടകാലത്തിന്റേതുമായ തൂവൽസ്പർശങ്ങളും പിന്തുടർന്നെത്തുന്നു. ഓടിയകലുവാനാവാതെ.
 
“കാലുകൾ നനയാതെ ഒരു പുഴ, സമുദ്രം, നീന്തിക്കടക്കാനാവില്ല.കണ്ണുകൾ നനയാതെ ജീവിതവും! ഒഴുക്കിനെ നമ്മോടൊപ്പം കൂട്ടുക. അരികുകൾ ചെത്തി മിനുക്കി കാലം നമുക്ക് വഴിയൊരുക്കിത്തരിക തന്നെ ചെയ്യും.” ഓർമക്കുറിപ്പുകളുടെ ഉപാധി ഓർമതന്നെയാണ്.ജയപരാജയങ്ങൾക്കപ്പുറം ഒരു മുറിയിൽ, ഒരു കട്ടിലിൽ ജീവിച്ചിട്ടും ലോകത്തെ അഭിമുഖീകരിക്കാൻ മായാ ബാലകൃഷ്ണന് സാധിക്കുന്നത് തീവ്രമായ ജൈവസ്മൃതികളുടെ ലോകത്ത് ജീവിക്കുന്നതുകൊണ്ടാണ്. ഓട്ടോഗ്രാഫിൽ എഴുതിയ നിർത്ഥകങ്ങളായ പേച്ചുകളെല്ലാം മാഞ്ഞുപോയിട്ടും പുസ്തകം നിറയെ ഓർമയുടെയും,സൗഹൃദത്തിന്റെയും ഇന്ധനമുണ്ട്.
 
സച്ചിദാനന്ദന്റെ ‘അവസാനത്തെ നദി’ എന്ന അല്പം പരിസ്ഥിതിപ്രാധാന്യമുള്ള കവിതയിൽ ഇങ്ങനെ വായിച്ചിട്ടുണ്ട്. ഓർമ്മയിലെ വീടും ചിരിയും നിഴലുമെല്ലാം കവർന്നെടുത്തു പോകുമ്പോൾ അവസാനത്തെ നദി കുട്ടിയോടു ചോദിക്കുന്നുണ്ട്, നിനക്കെന്നെ ഭയമില്ലേ? ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കൾ എന്റെ കൂടെയുണ്ട്. സരസ്വതിയും ഗംഗയും കാവേരിയും നൈലും നിളയും… പോയ ജന്മങ്ങളിൽ അവയാണെന്നെ വളർത്തിയത്. കുട്ടി മണി കിലുക്കി, മഴ പെയ്തു. പെട്ടന്ന് നദി തണുത്തു. രക്തവർണം നീലാർദ്രമായി. തളിർപ്പുകളുണ്ടായി. ഘടികാരങ്ങൾ നിലയ്ക്കാതെ ചലിച്ചുകൊണ്ടിരിക്കുന്നു.
 
ഏത് മറവിയിലും വേർപാടുകളിലും ഒറ്റപ്പെടലുകളിലും എത്രയോ പേരുടെ ഓർമകളുടെ തണുപ്പിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. ‘നാലാം വിരലിൽ വിരിയുന്ന മായ’ ഒരു പിൻവിളിയാണ്.നാം കണ്ടിട്ടും കാണാതെ പോകുന്ന, നമുക്കൊപ്പം വളർന്നിട്ടും നിസ്സാരമെന്നു കരുതി അർഹിക്കുന്ന പരിഗണന പോലും നൽകാതെ പോകുന്ന, വേഗതയാർന്ന വളർച്ചയ്ക്കിടയിലെപ്പോഴോ പടർച്ചകളും തുടർച്ചകളുമില്ലാത്ത സ്ഥലകാലങ്ങളിൽ അകപ്പെട്ടുപോകുന്ന അസംഖ്യം മനുഷ്യജീവിതങ്ങൾ ഭൂമിക്ക് വേണ്ടി കാത്തുവച്ചിരിക്കുന്ന നിത്യരാഗത്തിന്റെ ഉപഹാരം.
 
നിശ്ചലതയെ ആരാണ് ഭയക്കാത്തത്? ഭിത്തിയിലെ ആ ക്രൂശിതരൂപം പോലും നിശ്ചലമായ ഒരു യൗവ്വനത്തിന്റെ തിരുശേഷിപ്പാണ്. എന്നിട്ടും ആ നിശ്ചലതയിലേക്കാണ് എത്രയോ മനുഷ്യർ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അനുപാതത്തിൽ ഭിന്നമെങ്കിലും സദൃശമായ ഒരു സുവിശേഷം മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി കരുതിവയ്ക്കുന്നുണ്ട്. നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കുവാനും ചവുട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നുണ്ട് ഈ ആത്മരേഖ. മായ കൈമാറുന്ന ഈ മമതയ്ക്കും പരിഗണനയ്ക്കും നന്ദിയോടെ…
 
(ഇന്ദുലേഖ പ്രസിദ്ധീകരിച്ച, മായ ബാലകൃഷ്ണന്റെ ‘നാലാം വിരലിൽ വിരിയുന്ന മായ’ എന്ന പുസ്തകത്തിന് ബോബി ജോസ് കട്ടികാട് എഴുതിയ ആമുഖമാണിത്. സ്കൂളിൽ പഠിക്കുന്ന കാലത്തു പിടിപെട്ട ഒരു രോഗത്തേത്തുടർന്ന് ചലനശേഷി 90 ശതമാനവും നഷ്ടപ്പെട്ട Maya Balakrishnan ചലിപ്പിക്കാനാവുന്ന നാലാംവിരൽ കൊണ്ട് എഴുതിയ ആത്മരേഖയാണ് ‘നാലാം വിരലിൽ വിരിയുന്ന മായ’. നമ്മുടെ ജീവിതത്തെ കൂടുതൽ ഭംഗിയോടെ കാണാൻ സഹായിക്കുന്ന ഈ പുസ്തകം തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. പുസ്തകം ഓൺലൈനായി ഓഡർ ചെയ്യാനുള്ള ലിങ്ക്:
 
 
(9446584687 എന്ന നമ്പറിലും ഓഡർ ചെയ്യാം.)
Advertisements
Advertisements

Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s