Inspirational

ഒരു ഫോട്ടോയി ലെന്തിരിക്കുന്നു?

💞ഒരു ഫോട്ടോയിലെന്തിരിക്കുന്നു? 💞

“അവളുടെ ഓട്ടം കാണാന്‍ വീട്ടില് ടിവിയില്ല.. വല്ല പലചരക്ക് കടയിലും പോണം ആ നേരത്ത്.. എന്നീട്ട് എന്റെ മോള് ഓടുന്നത് എനിക്കൊന്നു കാണണം.. “

മെറിൽ പൗളീന്യോ എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണ്… ആരാണവൾ എന്നൊരു സംശയമുണ്ടായേക്കാം…. ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്ന കൊച്ചു രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ടു ഒളിമ്പിക് മെഡലുകൾ നേടിയ ഒരു ഇരുപത്തിനാലുകാരി പെണ്‍കുട്ടി.. ഓടി ജയിച്ചപ്പോ അവളു ചെയ്തൊരു കാര്യമാണ്‌ ഒരല്‍പ്പം വ്യത്യസ്തയാക്കുന്നത്…. ഒരു കൈയ്യില്‍ എല്ലാവരെയുംപോലെ സ്വന്തം രാജ്യത്തിന്റെ പതാക ഉയർത്തിപ്പിടിച്ചു.. മറുകൈയ്യില്‍ മറ്റൊന്ന് കൂടി അവൾ ഉയർത്തി… ഒരു സമ്പൂര്‍ണ്ണ ബൈബിൾ…. അര മണിക്കൂര്‍ നേരത്തെ പള്ളിപ്രസംഗത്തെക്കാൾ ശക്തമായ സാക്ഷ്യം…

“നാളെ ഞാൻ വീണ്ടും ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് ഇറങ്ങുകയാണ്.. കഴിഞ്ഞു പോയത് ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ വർഷങ്ങളിലൂടെയാണ്.. പക്ഷേ ദൈവകൃപയാൽ ഞാനിവിടെയെത്തി.. അതുകൊണ്ട് ട്രാക്കിൽ നിങ്ങളെന്നെ കാണുമ്പോള്‍ ഞാന്‍ നടത്തിയ പോരാട്ടങ്ങളെ നിങ്ങൾ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്…” അലിസൺ ഫെലിക്സ് എന്ന അമേരിക്കൻ അത്‌ലറ്റിന്റെ വാക്കുകളാണ്.. ആ വാക്കുകളുടെ ആഴമേറിയണമെങ്കിൽ അവൾ കടന്നു പോയ ദുരിതങ്ങളെ മനസിലാക്കണം… 2018 ല്‍ അമ്മയാവാൻ അവളെടുത്ത തീരുമാനം.. ആ തീരുമാനത്തെത്തുടർന്നു അതുവരെ അവളെ സ്പോണ്‍സര്‍ ചെയ്തിരുന്ന നൈക്കി എന്ന കമ്പനിയുമായുള്ള പ്രശ്നങ്ങൾ… കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് വരെ നല്‍കിക്കൊണ്ടിരുന്ന തുകയില്‍ 70 ശതമാനത്തോളം തുക ഇനി തരില്ല എന്നുള്ള കമ്പനിയുടെ ശാഠ്യം… എന്ത് വേണമെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.. കുഞ്ഞിന് ജന്മം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് അവൾ പിന്നോട്ടില്ലായിരുന്നു.. പക്ഷെ ആ തീരുമാനത്തിന് അവൾ കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു… മാസം തികയാതെ ഏഴാം മാസത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി പുറത്തെടുക്കേണ്ടി വന്ന കുഞ്ഞ്… തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ആ കുഞ്ഞ് കടന്നു പോകുമ്പോൾ അനുഭവിച്ച ആത്മ സംഘർഷം.. പ്രസവാനന്തര ബുദ്ധിമുട്ടുകൾ…സ്പോണ്‍സര്‍ ചെയ്യാൻ ആരും ഇല്ലാതിരുന്ന നാളുകള്‍… അവളുടെ കാലം കഴിഞ്ഞു എന്ന് വിലയിരുത്തിയ മാധ്യമങ്ങൾ.. വിരമിക്കാൻ ആവശ്യപ്പെട്ടുള്ള ചിലരുടെ ഓർമ്മപ്പെടുത്തലുകൾ… ഇനി ട്രാക്കിലേക്ക് ഒരു തിരിച്ചു പോക്കില്ലെന്നു സ്വയം തോന്നിച്ച ദിനങ്ങള്‍… ഒടുവില്‍ പുതിയ സ്പോണ്‍സറുമായുള്ള കരാർ.. വീണ്ടും ട്രാക്കിലേക്കുള്ള തിരിച്ചു വരവ്… ആ പോരാട്ടം അവസാനിച്ചത് 400×4 മീറ്റര്‍ റിലേയിൽ സ്വര്‍ണ്ണവും 400 മീറ്റര്‍ ഓട്ടത്തിൽ വെങ്കലവും വാങ്ങി കഴുത്തിലിട്ട്… കുഞ്ഞു വേണോ കരിയര്‍ വേണോ എന്ന ചോദ്യത്തിന്, കുഞ്ഞു വേണ്ട കരിയര്‍ മതി എന്ന് പറഞ്ഞു വച്ചൊരു മലയാളം സിനിമ ഉയർത്തിയ ചില അലയടികൾ ഇപ്പോഴുമുണ്ട് എഫ്ബിയിൽ… ഏതാണ് വേണ്ടതെന്ന ചോദ്യത്തിന് നൂറു വരി എഫ്‌ബി എഴുത്തിനേക്കാൾ നല്ലോരു മറുപടിയുണ്ട്.. ഓടി ജയിച്ചീട്ട് ആ വിജയവരയ്ക്കിപ്പുറം സ്വന്തം കുഞ്ഞിനോട് ഒപ്പം അവളിരിക്കുന്ന ഒരു ചിത്രം.. ആ ഒരൊറ്റ ചിത്രം തന്നെ ധാരാളം… കുഞ്ഞിനെ കൊന്നീട്ടു വേണ്ട കരിയര്‍ വളർത്താനെന്ന് ഉറക്കെ വിളിച്ചു പറയാന്‍…

“ഞാൻ അവന്റെ കണ്ണിലേക്ക് നോക്കി.. അവന്‍ എന്റെ കണ്ണിലേക്കും.. ഞങ്ങള്‍ ഒരുമിച്ച് ആഘോഷം തുടങ്ങി..” ഖത്തർ താരം ബര്‍ഷിമിന്റെ വാക്കുകൾ.. ആ വാക്കുകള്‍ക്ക് പിന്നില്‍ ഒരു സൗഹൃദത്തിന്റെ കഥയുണ്ട്..

ഒളിംപിക്സ് ഹൈജംപില്‍ ലോകത്തെ മികച്ച രണ്ടു താരങ്ങള്‍ മല്‍സരിക്കുന്നു. 2.37 മീറ്റര്‍ ചാടി ഇരുവരും ഒപ്പമായപ്പോള്‍ ജേതാവിനെ കണ്ടെത്താനായി അടുത്ത ശ്രമം. ബാർ ഒരുപടി കൂടി ഉയര്‍ത്തിവച്ച് 2.39 മീറ്റര്‍ മറികടക്കാനായി ഇരുവര്‍ക്കും മൂന്ന് അവസരങ്ങള്‍. ഈ മൂന്ന് അവസരത്തിലും ബര്‍ഷിമിനും ഇറ്റലിയുടെ ടാംബേരിക്കും 2.39 മീറ്റര്‍ മറികടക്കാനായില്ല. ഇതോടെ പോരാട്ടം ജംപ് ഓഫിലേക്ക്. വിജയിയെ കണ്ടെത്താന്‍ ഉയരം കുറച്ച് വീണ്ടും ചാടുക. ജംപ് ഓഫിന് തയാറല്ലേയെന്ന് റഫറി ചോദിക്കുമെന്ന് അറിയുന്ന നിമിഷത്തില്‍ ബര്‍ഷിമും ടാംബേരിയും പരസ്പരം കണ്ണുകളില്‍ നോക്കി… ഒപ്പമെത്തിയാൽ മെഡൽ പങ്കിടാമെന്നൊരു നിയമമുണ്ട് . ഇതോടെ ബര്‍ഷിം റഫറിയെ സമീപിച്ചുപറഞ്ഞു, ജംപ് ഓഫിനില്ല, പകരം മെഡല്‍ പങ്കിടാമെന്ന്. ഈ തീരുമാനത്തോട് ടാംബേരിയും യോജിച്ചു. ഇതോടെ മെഡൽ പങ്കുവയ്ക്കാൻ ഔദ്യോഗികമായി തീരുമാനിക്കുകയാണ്….

മറ്റൊരാളെ തോൽപ്പിക്കാതെ ഒരുമിച്ച് വിജയിക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ കൂടുതൽ നല്ലതെന്ന് ഇതിനേക്കാള്‍ ഭംഗിയായി എങ്ങിനെയാണ് പറയുക… ഒറ്റക്ക് വളരുന്നതിനേക്കാൾ ഒരുമിച്ച് വളരുക എന്ന ആശയത്തെക്കുറിച്ച്‌ പത്ത് പേജ് എസ്സേ എഴുതുന്നതിനേക്കാൾ ശക്തിയുണ്ട് അവർ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രത്തിന്….

ഇനിയുമുണ്ട് ഒരുപാട്‌ ഒളിമ്പിക് ചിത്രങ്ങൾ… വാക്കുകളേക്കാൾ തീവ്രമായ ഓർമ്മപ്പെടുത്തലുകളുമായി… മത്സരങ്ങള്‍ കൊടിയിറങ്ങട്ടെ… എങ്കിലും ചില നന്മചിത്രങ്ങൾ ഇങ്ങനെ മായാതെ നിക്കട്ടെ…

✍🏻റിന്റോ പയ്യപ്പിള്ളി ✍🏻

Advertisements
Advertisements

Categories: Inspirational

Tagged as: ,

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s