Short Story

വിവാഹാനന്തരം നവവധുൻ്റെ അവിടെയും ഇവിടെയും

വിവാഹാനന്തരം നവവധുൻ്റെ അവിടെയും ഇവിടെയും
….,………………………

“ങ്‌ ഹാ നിങ്ങളെത്തിയോ? യാത്രയും താമസവും ഒക്കെ സുഖമായിരുന്നോ?”

“ഉം”

ബാഗ് അകത്തേക്ക് എടുത്തു വെച്ച് കൊണ്ടു അരുൺ മൂളി.

“നിങ്ങൾ കുളിച്ചിട്ട് വരൂ… ഞാൻ ചായ ഇടാം.” അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ സാവിത്രി പറഞ്ഞു.
അരുണും തനുജയും വിവാഹത്തിന്റെ പിറ്റേന്നാണ് മൂന്നാറിനു പുറപ്പെട്ടത്. രണ്ടുപേർക്കും ലീവ് കുറവായിരുന്നു. അതുകൊണ്ടു വിരുന്നിനൊന്നും പോകാതെ മധുവിധുവിന് തന്നെ മുൻഗണന കൊടുത്തു.
അരുണും തനുജയും കുളിച്ചെത്തിയപ്പോഴേക്കും ചായ മേശപ്പുറത്തു റെഡിയായിരുന്നു. ചായ ഊതിക്കുടിച്ചുകൊണ്ട് അവർ യാത്രവിശേഷങ്ങൾ അച്ഛനോടും അമ്മയോടും വിവരിച്ചു.

“ഫോട്ടോസ് എടുത്തത് ടീവിയിലോട്ട് കണക്ട് ചെയ്ത് കാണിക്ക്” സാവിത്രി അരുണിനോടായി പറഞ്ഞു.

“ഒത്തിരി ഫോട്ടോസുണ്ടമ്മേ. നാളെ വിശദമായി കാണാം”.

അരുൺ തനുജയെ നോക്കി കണ്ണിറുക്കി. അവൾക്ക് ആ കണ്ണിറുക്കലിന്റെ അർത്ഥം മനസ്സിലായി. ശരിയാണ് ഫോട്ടോസ് സോർട് ചെയ്തിട്ടെ അച്ഛനേം അമ്മേം കാണിക്കാൻ പറ്റൂ.

“നാളെ രണ്ടുപേരും ജോലിക്ക് പോകുന്നുണ്ടോ”

“പോണം അമ്മേ, സത്യം പറഞ്ഞാൽ ജോലിക്ക് പോകാൻ മടിയായി.”

തനുജയാണ് മറുപടി നൽകിയത്
അരുണിന്റെ അച്ഛൻ രാധാകൃഷ്ണൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ സാവിത്രി ഒരു പ്രൈവറ്റ് ഫെമിൽ അക്കൗണ്ടന്റ്. ഒരു പ്രശസ്ത ആശുപത്രിയിലെ ഫിസിയൊ തെറാപ്പിസ്റ്റാണ് അരുൺ. തനുജ ആശുപത്രിക്കടുത്തുള്ള ഒരു സ്പെഷ്യൽ നീഡ്‌സ് കുട്ടികളുടെ സ്കൂളിലെ ടീച്ചറും.

മുഷിഞ്ഞ വസ്ത്രങ്ങൾ പെട്ടിയിൽനിന്നെടുത്തു അലക്കാനായി മാറ്റി വെക്കുമ്പോഴാണ് അത്താഴം കഴിക്കാനുള്ള സാവിത്രിയുടെ വിളി കേട്ടത്.

അരുണുമായി ഊണ് മുറിയിൽ ചെന്ന തനുജ കണ്ടത് ആഹാരം കഴിക്കാനുള്ള പാത്രങ്ങൾ തുണികൊണ്ട് തുടക്കുന്ന അച്ഛനെയാണ്. തനുജ അരുണിന്റെ മുഖത്തേക്ക് പാളിനോക്കി. അവിടെ ഒരു ഭാവ വ്യത്യാസവുമില്ല.

” അച്ഛൻ ഇങ്ങ്തരൂ… ഞാൻ തുടയ്ക്കാം”

“വേണ്ട തനു, കുട്ടി പോയി കാസറോൾ എടുത്തുകൊണ്ടു വാ”
അപ്പോഴേക്കും അരുൺ കാസറോൾ ഒരു കയ്യിലും മറ്റേകയ്യിൽ കറിയുമായി എത്തിയിരുന്നു.

പിറകെ അമ്മ ഒരു പ്ലേറ്റിൽ കുറെ പച്ചക്കറി അരിഞ്ഞതുമായി എത്തി.

അരുൺ എല്ലാവരുടെയും പ്ലാറ്റിലേക്ക് ചപ്പാത്തി വെയ്ക്കുന്നത് അവൾ സാകൂതം നോക്കി നിന്നു. അവൾക്ക് ഇത് ആദ്യ അനുഭവമായിരുന്നു. ഭക്ഷണം കഴിക്കാൻ നേരം കൈകഴുകി വരുന്ന പപ്പയെയും അങ്ങളെയും എല്ലാവരുടെയും പ്ലേറ്റിലേക്ക് ചപ്പാത്തിയും കറിയും വിളമ്പിയിട്ട് മാത്രം കഴിക്കാനിരിക്കുന്ന തന്റെ അമ്മയേയുമാണ് അവൾ ഇതുവരെ കണ്ടിട്ടുള്ളത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഓരോരുത്തരും അവരവരുടെ പാത്രത്തിലെ എച്ചിൽ വേസ്റ്റ് ബിന്നിലിട്ടിട്ട് കഴുകി വെക്കുന്നത് കണ്ടപ്പോൾ അവളുടെ മുന്നിൽ തെളിഞ്ഞത് മേശപ്പുറത്തെ മുള്ളുകളും മുരിങ്ങക്കചണ്ടിയും തുടച്ചു വൃത്തിയാക്കുന്ന അമ്മയുടെ മുഖമാണ്.
ബാക്കി പാത്രങ്ങൾ അമ്മ കഴുകിയപ്പോൾ അച്ഛൻ ഡൈനിംഗ് ടേബിൾ പുൽതൈലം കൊണ്ടു തുടച്ചു വൃത്തിയാക്കി. അരുൺ പാതകവും സ്റ്റോവും തുടച്ചിട്ട് ആ തുണി കഴുകി ഇടുന്നു. എന്ത് ചെയ്യണം എന്നറിയാതെ നിന്ന തനുജയെ നോക്കി സാവിത്രി പറഞ്ഞു.

” തനു, ദേ ആ ചൂലെടുത്തു ഊണുമുറി ഒന്ന് തൂത്തോളൂ”
ജോലി എല്ലാം പെട്ടെന്ന് തീർന്നു. തനുജ സമയം നോക്കി, എട്ടര. എല്ലാവരും ഓരോ ജോലി ചെയ്തപ്പോൾ പണിയെല്ലാം പെട്ടെന്ന് തീർന്നു. അമ്മ ടി വി ഓൺചെയ്ത് ഏതോ വാർത്താ ചാനൽ കാണാനിരുന്നു. അച്ഛൻ മൊബൈലിൽ എന്തോ വായിക്കുന്നു.

കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ തനുജ തന്റെ അമ്മയെ വീണ്ടും ഓർത്തു. അമ്മ ഇരുന്നു ടീവി കാണുന്നത് ഇതുവരെ കണ്ടിട്ടില്ല. ഒരു സിനിമപോലും മുഴുവൻ കാണാറില്ല . ചിലപ്പോൾ കയ്യിൽ പിച്ചാത്തിയോ തവിയോ ഒക്കെ പിടിച്ചു അടുക്കളയിൽ നിന്ന് ടീവി യിലേക്ക് എത്തി നോക്കുന്നത് കാണാം. അമ്മ ഉണരുന്നതും ഉറങ്ങാൻ പോകുന്നതും ഞങ്ങൾ മക്കൾ ആരും കണ്ടിട്ടില്ല.
കിടക്കാൻ നേരം അരുൺ പറഞ്ഞു

“തനു ഞാൻ അലാം ആറുമണിക്ക് സെറ്റ് ചെയ്തിട്ടുണ്ട്. നല്ല യാത്രക്ഷീണമുണ്ട്. നിന്റെ മൊബൈലിലും അലാം സെറ്റ് ചെയ്യണേ. ഞാൻ അഥവാ ഉറങ്ങിപ്പോയാൽ വിളിച്ചേക്കണേ”

“എന്തിനാ ആറുമണിക്ക് എഴുന്നേൽക്കുന്നെ? ഇവിടുന്ന് ഒൻപതരക്ക് ഇറങ്ങിയാൽ പോരെ?”

“താൻ നോക്കിക്കോ നാളത്തെ ഇവിടുത്തെ കാര്യങ്ങൾ” നെറ്റിയിൽ ഒരു ഉമ്മകൊടുത്തുകൊണ്ട് അരുൺ പറഞ്ഞു.
രാവിലെ തനുജ ഉണർന്നപ്പോൾ അരുകിൽ അരുൺ ഇല്ലായിരുന്നു. അവൾ സമയം നോക്കി, ആറര ആയിരിക്കുന്നു. അലാം ചതിച്ചല്ലോ. പെട്ടെന്ന് തന്നെ ടോയ്ലെറ്റിൽ കയറിയതിനു ശേഷം അടുക്കളയിൽ ചെന്ന അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അരുൺ ചായ ഇടുന്നു, അച്ഛൻ പുട്ടിനു നനക്കുന്നു, അമ്മ സവാള അരിയുന്നു.

“ഹലോ ഉണർന്നോ? വാ ചായകുടിക്കാം” ചായക്കപ്പ് നീട്ടി ചിരിച്ചുകൊണ്ട് അരുൺ.

” എന്താ എന്നെ വിളിക്കാഞ്ഞേ?” പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.

“യാത്രാക്ഷീണം ഇല്ലേ, അതാ താൻ ഉറങ്ങിക്കോട്ടെ എന്ന് കരുതിയത്.”
അപ്പോഴേക്ക് അച്ഛനും അമ്മയും ചെയ്തു കൊണ്ടിരുന്ന പണിതീർത്തു ചായക്കപ്പ് കയ്യിലെടുത്തു. ഊണുമുറിയിൽ കസേരയിലിരുന്ന് ചായകുടിക്കുമ്പോൾ അവർ തമ്മിൽ വിശേഷങ്ങൾ കൈമാറുന്നതും ചില രാഷ്ട്രീയക്കാരെ വിമർശിക്കുന്നതുമെല്ലാം തനുജ കേട്ടിരുന്നു. തന്റെ അമ്മ ഇരുന്നു ചായ കുടിക്കുന്നത് അവൾ കണ്ടിട്ടില്ല.. അടുക്കളയിൽ ജോലി ചെയ്തുകൊണ്ട് ഇടയ്ക്കിടെ കുടിക്കും.. അല്ലെങ്കിൽ തണുത്തു കഴിയുമ്പോൾ ഒറ്റവലിക്ക് കുടിക്കും. ചായകുടി കഴിഞ്ഞപ്പോൾ അരുൺ എല്ലാവരുടെയും ചായക്കപ്പുകൾ കഴുകാനായി എടുത്ത് അടുക്കളയിലേക്ക് നടന്നു. അച്ഛൻ ടോയ്‌ലെറ്റിലേക്ക് നടക്കുമ്പോൾ തനുജയോട് ചോദിച്ചു.

“ഉച്ചക്ക് ക്യാന്റീനിൽ നിന്നാണോ തനു ഊണ് അതോ ചോറ് കൊണ്ടുപോകുന്നോ? ഞാനും സാവിത്രിയും ചോറ് കൊണ്ടുപോകും”

“എനിക്ക് അവിടെ ഭക്ഷണം ഫ്രീ ആണ്. അതുകൊണ്ടു കൊണ്ടുപോകേണ്ട”
ഉച്ചക്ക് ഊണിനുള്ള പൊതിയും പെട്ടെന്ന് തന്നെ എല്ലാവരും ചേർന്ന് തയ്യാറാക്കി. സാവിത്രി സാവധാനം ഉടുത്തോരുങ്ങി സുന്ദരിയായി അച്ഛനുമായി ജോലിക്കിറങ്ങുന്നത് തനുജ സകൂതത്തോടെ നോക്കി നിന്നു.

അന്ന് സ്കൂളിലേക്കുള്ള യാത്രയിൽ തനുജയുടെ ചിന്തകളിൽ തന്റെ അമ്മ ആയിരുന്നു, അടുത്തിരുന്നു ഡ്രൈവ് ചെയ്യുന്ന അരുണിനെപ്പോലും അവൾ മറന്നു.

ഒരിക്കൽപ്പോലും അദ്ധ്യാപികയായ അമ്മ നന്നായി ഒരുങ്ങി സ്കൂളിൽ പോകുന്നത് കണ്ടിട്ടില്ല. പപ്പയും ആങ്ങളയും വീട്ടിൽ നിന്നിറങ്ങുന്നത് വരെ അമ്മ അടുക്കളയിലായിരിക്കും. അവരുടെ മുറികളിലേക്ക് ഷട്ടിൽസർവീസ് പലതവണ നടത്തും. ഓരോ കാര്യത്തിനും മുറിയിൽ നിന്ന് ‘അമ്മേ’… “ദീപേ” എന്നുള്ള വിളികൾ തന്നെ കാരണം. അടുക്കളജോലി എല്ലാം തീർത്തു ഒരു കാക്ക കുളിയും കുളിച്ച് സാരി വാരിവലിച്ചുടുത്തു അമ്മ ബസ്സിനായി ഓടുന്നത് വീട്ടിലെ സ്ഥിരം കാഴ്ച ആയിരുന്നു. ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്നത് വരെ താനും അമ്മയെ സഹായിക്കാൻ കൂടാറില്ലായിരുന്നു എന്ന സത്യം തനുജ കുറ്റബോധത്തോടെ ഓർത്തു.

“താൻ ഇറങ്ങുന്നില്ലേ?” അരുണിന്റെ ശബ്ദമാണ് തനുജയെ ചിന്തയിൽ നിന്നുണർത്തിയത്

“മ്മ്”…

വൈകിട്ട് എങ്ങനെയാ? താൻ തനിയെ പോകുന്നോ അതോ ഞാൻ വന്ന് ഫെച്ച് ചെയ്യണോ?”

“വേണ്ട.. ഞാൻ പോന്നോളാം”
കാർ മുന്നോട്ടു എടുത്ത് അരുൺ കൈവീശി. തിരിച്ചുള്ള തനുജയുടെ കൈ വീശൽ തികച്ചും യാന്ത്രികമായിരുന്നു. ആ വീട്ടിലെ ‘വീട്ടു ജോലി സംസ്ക്കാരം’ അവൾക്ക് അത്ഭുതവും കുറ്റബോധവും ഒരുപോലെ നൽകി. അവൾക്ക് സാവിത്രി എന്ന അമ്മായിഅമ്മയോട് അതിരറ്റ ബഹുമാനം തോന്നി. മകനെക്കൊണ്ട് തിന്ന പാത്രം പോലും കഴുകിക്കാത്ത തന്റെ അമ്മയോട് ഒരു ചെറിയ പിണക്കവും.

” നാളെ സെക്കന്റ്‌ സാറ്റർഡേ അല്ലെ ആർക്കും ജോലിക്ക് പോകണ്ടല്ലോ.. എന്താ നാളെ ഇവിടുത്തെ പരിപാടി?” അലക്കിയ തുണി മടക്കിക്കൊണ്ട് തനുജ അരുണിനോട് ചോദിച്ചു.

“അത് നാളെ തനിക്ക് കാണാം… ഒരു സർപ്രൈസ്”…മടക്കിയ തുണികൾ അലമാരയിൽ തരംതിരിച്ചു വക്കുന്നതിനിടയിൽ അരുൺ പറഞ്ഞു.

തനുവിന് അന്നത്തെ അനുഭവം ശരിക്കും സർപ്രൈസ് ആയിരുന്നു. രാവിലെ തന്നെ സാവിത്രി അലക്കാനുള്ള തുണിയെല്ലാം കഴുകാൻ വാഷിംഗ്‌ മെഷീനിൽ ഇട്ടു. തനു അപ്പോഴേക്കും ചായ തയ്യാറാക്കി. ചായകുടി കഴിഞ്ഞു നാലുപേരും കൂടെ നടക്കാനിറങ്ങി…ഒരു മണിക്കൂറോളം ആ നടപ്പ് തുടർന്നു. തിരിച്ചു വരുന്ന വഴി ഉഡുപ്പി ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു. അപ്പോൾ ‘ഒരു നേരമെങ്കിലും ഈ അടുക്കള ഒന്ന് അടച്ചിടാൻ പറ്റിയിരുന്നെങ്കിൽ’ എന്ന് ആന്മഗതം ചെയ്യുന്ന അമ്മയെ തനുജക്ക് ഓർമ വന്നു. വീട്ടിലെത്തിക്കഴിഞ്ഞു അച്ഛനും അമ്മയും പത്രം വായിക്കുന്നതും നാട്ടുകാര്യവും വീട്ടുകാര്യവും എല്ലാം ചർച്ചചെയ്യുന്നതും ഇടയ്ക്ക് തനുജയോട് അഭിപ്രായം ചോദിക്കുന്നതും കണ്ടപ്പോൾ തനുജ മനസ്സിൽ ഓർത്തു ‘ ഇന്നെല്ലാരും വളരെ റിലാക്സ്ഡ് മോഡിൽ ആണല്ലോ’
അമ്മ അടുക്കളയിൽ കയറുന്നതിനു മുൻപ് തന്നെ അരുണും തനുജയും ചേർന്ന് അലക്കികിടന്ന തുണിയെല്ലാം വിരിച്ചിട്ടു. ഇന്ന് അടുക്കള ഭരണം അമ്മയ്ക്കാണ്. അച്ഛൻ ഫാൻ എല്ലാം തുടക്കുന്നു, അരുൺ ടോയ്ലറ്റ് കഴുകുന്നു. ഇതെല്ലാം കണ്ടപ്പോൾ തനുജ മോപ് എടുത്ത് തറ തുടക്കാൻ തുടങ്ങി. പക്ഷെ അവളുടെ ചിന്തകൾ മുഴുവൻ തന്റെ അമ്മയെക്കുറിച്ചായിരുന്നു… അടുക്കള ജോലി എല്ലാം തീർത്തു കഴിഞ്ഞു കുതിർത്തുവച്ച തുണിയുമായി അലക്കു കല്ലിനോട് മല്ലിടുന്ന അമ്മയെക്കുറിച്ച് … എല്ലാവരും കിടപ്പുമുറിയിൽ കയറുമ്പോൾ തറ തുടക്കാൻ സമയം കണ്ടെത്തുന്ന അമ്മയെക്കുറിച്ച്…
.
അന്ന് രാത്രിയിൽ കിടക്കുന്നതിനു മുൻപ് തനുജ അരുണിനോട് പറഞ്ഞു
“അരുണിന്റെ അക്കൗണ്ട് നമ്പർ തരാൻ ഓർക്കണേ”

“എന്തിനാ… കാശ് അടിച്ചുമാറ്റാനാണോ?” ഒരു ചെറുചിരിയോടെ അരുൺ ചോദിച്ചു

“സ്കൂളിൽ കൊടുക്കാനാണ്. ഇത്രയും നാൾ എന്റെ അക്കൗണ്ടിൽ ആണ് ശമ്പളം വന്നിരുന്നത്. അതിനി അരുണിന്റെ അക്കൗണ്ടിൽ ആക്കാമല്ലോ”

“അതെന്തിന്? അത് നിന്റെ അക്കൗണ്ടിൽ തന്നെ വരേണ്ട, നീ അധ്വാനിച്ചതിന്റെ പണമാണ്. പിന്നെ ഞങ്ങൾക്ക് ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ട്. എല്ലാമാസവും ഒരു തുക അച്ഛനും അമ്മയും ഞാനും ആ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. വീട്ടിലെ പൊതു ചെലവെല്ലാം ആ അക്കൗണ്ടിൽ നിന്നാണ്. നിനക്കും അങ്ങനെ ചെയ്യാം..”

അരുണിനെ അത്ഭുതത്തോടെ നോക്കിയ തനുജയുടെ മനസ്സിൽ കൂട്ടുകാരിക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ പപ്പയോടു കാശിനു കെഞ്ചുന്ന അമ്മയുടെ രൂപമായിരുന്നു.

പിറ്റേന്ന് രാവിലെ തനുജ അടുക്കളയിൽ ചെല്ലുമ്പോൾ സാവിത്രി ചായ ഊറ്റുവായിരുന്നു. തനുജ പുറകിൽ കൂടി ചെന്ന് സാവിത്രിയെ കെട്ടിപ്പിടിച്ചു. പിന്നെ കവിളിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു
“ഈ വീട്ടിൽ വന്നപ്പോൾ മുതൽ ഞാൻ ഓരോന്ന് കണ്ടും കേട്ടും അത്ഭുതപ്പെടുവായിരുന്നു. ഒരുമാതിരി ആലിസ് ഇൻ വണ്ടർലാൻഡ് ലെ ആലീസിനെപ്പോലെ. എല്ലാരും ചേർന്ന് ഒരു വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നതൊക്കെ എനിക്ക് ശരിക്കും അപരിചിതമാണ്. അമ്മ ഒരു മിടുക്കി തന്നെ”
“തനുവിന് ശരിക്കും മിടുക്കി ആരാണെന്നറിയണോ? വാ കാണിച്ചുതരാം”
“അമ്മ സ്വീകരണ മുറിയിലെ പഴയ ഫോട്ടോയിലേക്ക് ചൂണ്ടി പറഞ്ഞു… “അതാണ് ആ മിടുക്കി.. എന്റെ അമ്മായിഅമ്മ.

******

(Kindly share this piece to all our people – relatives and friends. We need a cultural change in every home. There should not be any home maker or house wife in our family. A team work is the need. )G GIRISH KUMAR

Advertisements
Advertisements
Advertisements
Advertisements

Categories: Short Story

Tagged as: ,

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s