Tag: Prayer

രാത്രിജപം

Prayer Before Sleep

Blessed Night

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമ്മേന്‍

എന്‍റെ ദൈവമായ ഈശോമിശിഹായെ , ഈ ദിവസം അങ്ങ് എനിക്കു നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞാന്‍ നന്ദി പറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നു.  എന്‍റെ ഉറക്കവും ഈ രാത്രിയിലെ ഓരോ നിമിഷവും ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. പാപത്തില്‍ നിന്ന് എന്നെ കാത്തു സൂക്ഷിക്കണമെന്നപേക്ഷിക്കുന്നു. അങ്ങേ തിരുഹൃദയത്തിലും എന്‍റെ അമ്മയായ കന്യാമാരിയത്തിന്‍റെ സംരക്ഷണയിലും ഞാന്‍ വസിക്കട്ടെ. അങ്ങേ പരിശുദ്ധ മാലാഖമാര്‍ എന്നെ സഹായിക്കുകയും സമാധാനത്തോടെ സൂക്ഷിക്കുകയും ചെയട്ടെ. അങ്ങേ അനുഗ്രഹം എന്‍റെ മേല്‍ഉണ്ടാകുമാറാകട്ടെ. എന്‍റെ കര്‍ത്താവേ ഈ രാത്രിയില്‍ പാപം കൂടാതെ എന്നെ കാത്തുപരി പാലിക്കണമേ. എന്നെ കാക്കുന്ന മാലാഖയേ, ദൈവത്തിന്‍റെ കൃപയാല്‍ അങ്ങേക്കെല്പിച്ചിരിക്കുന്ന എന്നെ ഈ രാത്രിയിലും കാത്തു സൂക്ഷിക്കണമേ. ആമ്മേന്‍.

ഈശോമറിയം യൌസേപ്പേ എന്‍റെ ആത്മാവിനെയും ശരീരത്തെയും നിങ്ങള്‍ക്കു ഞാന്‍ കാഴ്ച വയ്ക്കുന്നു.

ഒരുക്കമില്ലാതെ പെട്ടെന്നുള്ള മരണത്തില്‍ നിന്ന് എന്നെ കാത്തു രക്ഷിക്കണമേ. ആമ്മേന്‍

എത്രയും ദയയുള്ള മാതാവേ

Ethrayum Dhayayulla Mathave

Ethrayum Dhayayulla Mathave

എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിൻറെ ഉപകാരസഹായം അപേക്ഷിച്ച് നിന്റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരിൽ ഒരുവനെങ്കിലും നിന്നാൽ കൈവിടപ്പെട്ടുവെന്ന് ലോകത്തില്‍ കേൾക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചരുളണമേ , കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകെ ,ദയയുള്ള മാതാവേ ഇവ്വണ്ണമുള്ള ശരണത്താൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാന്‍ അണഞ്ഞു വരുന്നേൻ , നെടുവീർപ്പിട്ട് കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നില്കുന്നു . അവതരിച്ച വചനത്തിന്റെ മാതാവേ ……
എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയയുള്ളവളായി കേട്ടരുളേണമേ. ….

ആമേൻ. ..

പ്രഭാത പ്രാര്‍ത്ഥന

Morning Prayer / Prabhatha Prarthana (Malayalam)

Holy Mass

കർത്താവായ യേശുവേ, അങ്ങെനിക്കു നല്കിയ എണ്ണമില്ലാത്ത അനുഗ്രഹങ്ങളെപ്രതി നന്ദി പറയുന്നതിനുപകരം, കിട്ടാതെപോയ ചുരുക്കംചില കാര്യങ്ങളെച്ചൊല്ലി അങ്ങയോടു പരിഭവിച്ചതോർത്തു മാപ്പപേക്ഷിക്കുന്നു. അങ്ങ് എനിക്കായി കരുതി വച്ചിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങളിൽ ഏതെങ്കിലും സ്വീകരിക്കാൻ എന്റെ ഹൃദയം സജ്ജമല്ലെങ്കിൽ, എന്റെ ആ അവസ്ഥയെ അങ്ങയുടെ വിശുദ്ധ കുരിശിന്റെ ചുവട്ടിൽ ഞാൻ സമർപ്പിക്കുന്നു. എന്റെ ഹൃദയത്തെ വിശുദ്ധീകരിച്ച്, എന്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും അങ്ങയുടെ ഹിതത്തിനനുയോജ്യമാക്കണമേ. എനിക്കാവശ്യമുള്ളതെല്ലാം നല്കുന്ന അങ്ങയുടെ സന്നിധിയിൽനിന്ന് വേണ്ടതെല്ലാം ലഭിക്കുന്ന അനുഗൃഹീതനായി ഞാൻ മാറട്ടെ. എന്നിൽ വസിക്കാൻ ആഗ്രഹിച്ചുകൊണ്ട്‌ സ്വർഗ്ഗീയ സൌഭാഗ്യങ്ങൾ പരിത്യജിച്ച എന്റെ നല്ല ഈശോയേ, സന്തോഷത്തോടെ അങ്ങയെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതിനു പകരം, സ്വാർത്ഥമോഹങ്ങൾക്കടിപ്പെട്ട് അങ്ങയെ തിരസ്കരിച്ച എല്ലാ അവസരങ്ങളെയും പ്രതി ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. അപരാധിയായ എന്നെ അതിരറ്റു സ്നേഹിക്കുന്ന എന്റെ കർത്താവേ, അങ്ങയോടുള്ള സ്നേഹത്തെപ്രതി പാപവും പാപസാഹചര്യങ്ങളും ഞാൻ വെറുത്തുപേക്ഷിക്കുന്നു. അങ്ങെന്നിൽ വന്നു വസിക്കണമേ, എന്നെ അങ്ങയുടേതാക്കണമേ. ആമേന്‍
പരിശുദ്ധ അമ്മെ , വിശുദ്ധ ഔസേപ്പ് പിതാവേ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ….

ഉറങ്ങും മുൻപ് പ്രാർത്ഥന

Prayer Before Sleep (Malayalam Prayer)

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ പാപിയായ എന്നെ വിണ്ടെടുക്കാന്‍ വേണ്ടി കുരിശുമരണം സ്വീകരിച്ച അങ്ങയെ ഞാൻ സ്നേഹിക്കുന്നു.ഈ പകല്‍ അങ്ങയുടെ കുരിശിന്‍ തണലില്‍ എന്നെയും എെന്‍റ പ്രിയപ്പെട്ടവരെയുംകാത്തുപരിപാലിച്ചതിന് ആയിരമായിരം നന്ദി അര്‍പ്പിക്കുന്നു.വരാമായിരുന്ന എല്ലാ ആപത്തുകളില്‍ നിന്നും അനര്‍ത്ഥങ്ങളില്‍ നിന്നും സംരക്ഷിച്ചതിനു ഈശോയെ സ്തുതിക്കുന്നു…ആരാധിക്കുന്നു

ഈശോയെ കുരിശിെന്‍റ തണലില്‍ നിന്നു ഞാൻ അകന്നുപോയ നിമിഷങ്ങളെ ഓര്‍ക്കുന്നു.പശ്ചാത്തപിച്ച് മടങ്ങിവന്ന ധൂര്‍ത്തപുത്രനെപ്പോലെ ഈശോയെ ഞാനും അതേ വിശ്വാസത്തോടെ എെന്‍റ ഈശോയുടെ തിരുമുമ്പില്‍ ഇതാ മുട്ടുമടക്കുന്നു.എന്നോട് ക്ഷമിക്കണമേ!!!ആസ്നേഹത്തില്‍ എനിക്ക് അഭയം തരണമേ !ഞാൻ മൂലം ഇന്ന് ആരെങ്കിലും വേദനിച്ചെങ്കില്‍ അവരോടും മാപ്പു ചോദിക്കുന്നു.

ഈശോയെ എെന്‍റ മാപിതാക്കളെ.. ജീവിതപങ്കാളിയെ.. മക്കളെ…സഹോദരങ്ങളെ..സ്നേഹിതരെ…പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്നവരെ..പ്രാര്‍ത്ഥന ആവശൃപ്പെട്ടിരിക്കുന്നവരെ ..എല്ലാം അങ്ങയുടെ കൈകളില്‍ സമര്‍പ്പിക്കുന്നു
അവരുടെ ആവശൃങ്ങളില്‍ ആഗ്രഹങ്ങളില്‍ ..യാചനകളില്‍ അങ്ങ് ഉണ്ടായിരിക്കണമേ!!!

സ്നേഹനാഥനായ ഈശോയെ ദാമ്പതൃ തകര്‍ച്ച അനുഭവിക്കുന്ന കുടുംബങ്ങളെ സമര്‍പ്പിക്കുന്നു.അങ്ങനെയുളള ദമ്പതികളുടെ ഇടയില്‍ അങ്ങ് കടന്നു ചെല്ലണമേ…അവരെ അങ്ങ് ആശിര്‍വദിക്കണമേ!!!

കര്‍ത്താവേ ഞാന്‍ ഉറങ്ങാനായി അങ്ങയുെട മടിയില്‍ തലചായിക്കുന്നു..എന്നെ അനുഗ്രഹിക്കണമേ…
ഈ രാത്രിയില്‍ ജോലിചെയ്യുന്ന ആയിരിക്കുന്ന സഹോദരങ്ങള്‍ക്കും കരയിലുടെയും വെളളത്തിലുടെയും വായുവിലുടെയും യാത്ര ചെയ്യുന്ന സഹോദരങ്ങള്‍ക്കുംസംരക്ഷകനായിരിക്കണമേ…. അനുഗ്രഹിക്കണമേ!!അങ്ങ് അവര്‍ക്ക് സമീപസ്ഥനായിരിക്കണമേ!!

അമ്മേ മാതാവേ ഈ രാത്രിയില്‍ വിശുദ്ധിയിലും ദൈവകൃപയിലും ആയിരിയ്ക്കാന്‍ എനിയ്ക്കു വേണ്ടി മാദ്ധൃസ്ഥം വഹിക്കണമേ…അമ്മേ ഈ ജപമാലമാസത്തിെന്‍റ സമാപനദിവസമായ ഇന്ന് അമ്മയുടെ മുൻപില്‍ നിറഞ്ഞ കൃതജ്ഞതയോട് നില്ക്കുന്നു..എല്ലാ നിയോഗങ്ങളെയും അമ്മയുടെ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു…തന്ന കൃപകള്‍ക്കായി നന്ദി…നാഥേ..

ഈശോയുടെ മാധൂരൃമുളള തിരുഹൃദയമേ എന്നോട് സ്നേഹമായിരിക്കണമേ….

അമലോത്ഭമറിയത്തിെന്‍റ വിമലഹൃദയമേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ….

മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠാജപം

Mathavinte Vimala Hruday Prathishta Japam

Prayer of Dedication to the Immaculate Heart of Mary

Immaculate heart of Mary

ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധംപതിച്ചുപോകുന്ന ലോകത്തെയും പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന തിരുസ്സഭയേയും വിവിധ സങ്കടങ്ങള്‍ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോല്‍ഭവ ഹൃദയത്തിനു പ്രതിഷ്ടിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങള്‍ക്കും ലോകത്തിനുമായി വാങ്ങിത്തരണമേ. അങ്ങേ വിമലഹൃദയത്തിനു പ്രതിഷ്ടിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തില്‍ വളര്‍ന്നുവരുന്നതിനും അനുഗ്രഹിക്കണമേ.

തിരുസ്സഭാംബികേ,തിരുസ്സഭയ്ക്ക് സര്‍വ്വസ്വാതന്ത്ര്യവും സമാധാനവും അരുളണമേ.വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങ് നയിക്കണമേ. മാനവവംശത്തിനു വേണ്ടിയുള്ള ഈശോയുടെ സമര്‍പ്പണത്തോടു യോജിച്ച് അങ്ങയോടു വിശ്വസ്തത പുലര്‍ത്തി ജീവിക്കാന്‍ ഞങ്ങളെ
സഹായിക്കണമേ.

അമലോല്‍ഭവ ഹൃദയമേ, മനുഷ്യഹൃദയങ്ങളില്‍ രൂപംകൊള്ളുന്ന തിന്മയുടെ ശക്തികളെയും മാനവപുരോഗതിയെ തളര്‍ത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളെയും നേരിടാനുള്ള കഴിവു ഞങ്ങള്‍ക്ക് നല്കണമേ. പരിശുദ്ധ അമ്മേ, ഞങ്ങളുടെ മാര്‍പാപ്പാമാര്‍ അങ്ങേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളതും കാലാകാലങ്ങളില്‍ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോല്‍ഭവഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തുകൊള്ളണമേ.

ആമ്മേന്‍.

മറിയത്തിന്റെ വിമലഹൃദയമേ,

ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കണമേ…

ജപമാല – മഹത്വത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍

Japamala – Mahathwathinte Divya Rahasyangal (Malayalam Prayer)

Mary at Fathima 5

1.നമ്മുടെ കര്‍ത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം
………… മാതാവേ , ഒരിക്കല്‍ ഉത്ഥാനം ചെയാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിര്‍മ്മലമായി സൂക്ഷിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1 1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

2.നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയര്‍പ്പിനുശേഷം 40-)0 ദിവസം സ്വര്‍ഗാരോഹണം ചെയ്തു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം ……….. മാതാവേ ,സ്വര്‍ഗ്ഗപിതാവിന്‍റെപക്കല്‍ ഞങ്ങള്‍ക്കൊരു മദ്ധ്യസ്ഥനുണ്ട് എന്ന ബോധത്തോടെ ഉല്‍കണ്0കൂടാതെ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

3. പെന്തക്കുസ്ത തിരുനാള്‍ ദിവസം പരി . കന്യകാമറിയവും ശ്ലീഹന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം
…….. മാതാവേ ,ഞങ്ങളുടെ ആത്മാവുകളില്‍ പ്രസാദവരംവഴി എഴുന്നള്ളിയിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ഓര്‍മ്മിച്ചുകൊണ്ട് ,ഞങ്ങളുടെ ജീവിതം നിയന്ത്രിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

4.പരിശുദ്ധ കന്യകാമറിയം തന്‍റെ ഈലോകജീവിതം അവസാനിച്ചപ്പോള്‍ സ്വര്‍ഗാരോപിതയായി എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം
………. മാതാവേ , ഞങ്ങളുടെ മരണ സമയത്ത് ഞങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുവാന്‍ ഞങ്ങളുടെ സമീപത്തുണ്ടായിരിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

5.പരിശുദ്ധ കന്യകാമറിയം സ്വര്‍ഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി ഉയര്‍ത്തപ്പെട്ടു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം
……മാതാവേ , സ്വര്‍ഗ്ഗ ഭാഗ്യത്തെ മുന്നില്‍കണ്ടുകൊണ്ട്, ഈലോകജീവിതത്തിലെ കുരിശുകള്‍ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

ജപമാല – ദു:ഖകരമായ ദിവ്യരഹസ്യങ്ങള്‍

Japamala – Dhukkathinte Divya Rahasyangal (Malayalam Prayer)

Mother Mary

1. നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ രക്തംവിയര്‍ത്തുവെന്ന
ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം

……………… വ്യാകുലമാതാവേ ,മനുഷ്യരുടെ പാപങ്ങള്‍ ഓര്‍ത്ത് ദു :ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ .
1സ്വര്‍ഗ്ഗ .10 നന്മ .1 ത്രീ

2. നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയില്‍വച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം

………. മാതാവേ ,നഗ്നമായ വസ്ത്രധാരണവും ,നിര്‍മ്മലമല്ലാത്ത സുഖസൗകര്യങ്ങളും ഞങ്ങളുടെ കുടുംബത്തില്‍ കടന്നുപറ്റാതിരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

3. നമ്മുടെ കര്‍ത്താവീശോമിശിഹായെ പടയാളികള്‍ മുള്‍മുടി ധരിപ്പിച്ചു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം

………… മാതാവേ ,ഈശോയ്ക്കിഷ്ടമില്ലാത്ത
യാതൊന്നിനും ഞങ്ങളുടെ ഓര്‍മ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നല്കാതിരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

4. നമ്മുടെ കര്‍ത്താവീശോമിശിഹാ കുരിശു വഹിച്ച്‌ ഗാഗുല്‍ത്താമലയിലേക്ക് പോയി എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം

……….. മാതാവേ ,അപമാനങ്ങളും സങ്കടങ്ങളും ഞങ്ങള്‍ക്കനുഭവപ്പെടുമ്പോള്‍ , ക്ഷമയോടെ അവ വഹിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1 ത്രീ

5. നമ്മുടെ കര്‍ത്താവീശോമിശിഹാ രണ്ടുകള്ളന്മാരുടെ മദ്ധ്യേ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടു എന്നതിന്മേല്‍ നമുക്കു ധ്യാനിക്കാം

……………. മാതാവേ , ഞാന്‍
ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന മനസ്ഥിതിയോടെ ദുരാഗ്രഹങ്ങളെ ക്രൂശിച്ചു ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1 ത്രീ

ജപമാല – പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍

Japamala – Prakashathine Rahasyangal (Malayalam Prayer)

mary-immaculate

1. നമ്മുടെ കര്‍ത്താവീശോമിശിഹാ യോര്‍ദ്ദാന്‍ നദിയില്‍വച്ച് സ്നാപകയോഹന്നാനില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവ് മാടപ്രാവിന്‍റെ രൂപത്തില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും തന്നിലേക്ക് ഇറങ്ങിവന്നതിനെയോര്‍ത്ത് ധ്യാനിക്കാം 
………….മാതാവേ ,അമ്മയുടെ മാദ്ധ്യസ്ഥം വഴി പരിശുദ്ധാത്മാവ് ഞങ്ങളില്‍വന്ന് നിറയണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

2. യേശുനാഥന്‍ അവിടുത്തെ അമ്മയായ പരി .മറിയത്തിന്‍റെ ആഗ്രഹപ്രകാരം 
കാനായിലെ വിവാഹവിരുന്നില്‍വെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ ആദ്യ അത്ഭുതത്തെയോര്‍ത്ത്‌ ധ്യാനിക്കാം 
…………മാതാവേ ,ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും ഞങ്ങള്‍ക്കുവേണ്ടി അവിടുത്തെ തിരുകുമാരനായ യേശുവിനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

3. യേശുനാഥന്‍ അവിടുത്തെ മലയിലെ പ്രസംഗത്തില്‍ക്കൂടി സ്വര്‍ഗീയപിതാവിന്‍റെ സനാതന തത്വങ്ങള്‍ ലോകത്തിന് വെളിപ്പെടുത്തിയതിനെ യോര്‍ത്ത് ധ്യാനിക്കാം 
…………മാതാവേ , ദൈവവചനം ഞങ്ങളുടെ ഹൃദയത്തില്‍ സംഗ്രഹിച്ച് വചനാത്മകമായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

4. കര്‍ത്താവായ യേശു താബോര്‍ മലയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അരുമശിഷ്യര്‍ക്ക് തന്‍റെ രൂപാന്തരീ കരണത്തില്‍കൂടി സ്വര്‍ഗ്ഗീയ മഹത്വം വെളിപ്പെടുത്തിക്കൊടുത്തതിനെയോര്‍ത്ത് ധ്യാനിക്കാം

……മാതാവേ , ഞങ്ങളുടെ ജീവിതത്തില്‍ യേശുഅനുഭവമുണ്ടാകുവാന്‍ ഞങ്ങളെ ശക്തരാക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

5. യേശു തന്‍റെ അന്ത്യഅത്താഴവേളയില്‍ വി . കുര്‍ബാന സ്ഥാപിച്ച്‌ അപ്പവും വീഞ്ഞും കയ്യിലെടുത്ത് , തന്‍റെ ശരീരരക്തങ്ങളാക്കിമാറ്റി , തന്‍റെ നിത്യമായ സാന്നിദ്ധ്യം ലോകത്തിന് നല്‍കിയതിനെയോര്‍ത്ത് ധ്യാനിക്കാം …..മാതാവേ , യേശുവിനെ അമ്മ ലോകത്തിന് പ്രദാനം ചെയ്തതുപോലെ ഞങ്ങളുടെ ജീവിതംവഴി യേശുവിനെ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ .
1സ്വര്‍ഗ്ഗ .10നന്മ .1ത്രീ

എത്രയും ദയയുള്ള മാതാവേ

Ethrayum Dhayayulla Mathave (Malayalam Prayer)secred-heart-of-blessed-virgin-mary

എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന്

നിന്റെ  ഉപകാരസഹായം അപേക്ഷിച്ച്

നിന്റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരിൽ ഒരുവനെങ്കിലും

നിന്നാൽ കൈവിടപ്പെട്ടുവെന്ന് ലോകത്തില്‍ കേൾക്കപ്പെട്ടിട്ടില്ല

എന്നു നീ നിനച്ചരുളണമേ ,

കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകെ ,

ദയയുള്ള മാതാവേ ഇവ്വണ്ണമുള്ള ശരണത്താൽ ധൈര്യപ്പെട്ടു

നിന്റെ തൃപ്പാദത്തിങ്കൽ ഞാന്‍ അണഞ്ഞു വരുന്നേൻ ,

നെടുവീർപ്പിട്ട് കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍

നിന്റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട്

നിന്റെ സന്നിധിയിൽ നില്കുന്നു .

അവതരിച്ച വചനത്തിന്റെ മാതാവേ……

എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ

ദയയുള്ളവളായി കേട്ടരുളേണമേ….

ആമേൻ.

For Peace in Syria, the Middle East, the World (7th September 2013)

Saturday 7 September 2013: Day of Fasting and Prayer for Peace

His Holiness Pope Francis has called for a day of fasting and prayer for peace in Syria, in the entire middle east region and throughout the whole world to be held this coming Saturday 7 September 2013. Speaking ahead of the traditional Angelus prayer with pilgrims gathered in St Peter’s Square this Sunday (1 Sept.), Pope Francis said, “On Saturday the 7 of September, here (in St Peter’s Square), from 7pm until midnight, we will gather together in prayer, in a spirit of penitence, to ask from God this great gift of peace for the beloved Syrian nation and for all the situations of conflict and violence in the world.” The Holy Father also invited non-Catholic Christians and non-Christian believers to participate in ways they feel are appropriate.

For Peace in Syria

സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാം

02 സെപ്തംബര്‍ 2013, വത്തിക്കാന്‍: സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പയുടെ ട്വിറ്റര്‍ സന്ദേശം. സെപ്തംബര്‍ 2നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ അഭ്യര്‍ത്ഥന @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്തത്. “സമാധാനത്തിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം, ലോകത്തിലും നമ്മുടെ ഹൃദയത്തിലും സമാധാനം ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാം”. ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാ വേളയിലും ലോകസമാധാനത്തിനുവേണ്ടി, വിശിഷ്യ സിറിയയിലും മധ്യപൂര്‍വ്വദേശത്തും സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. സെപ്തംബര്‍ 7ന് സിറിയയ്ക്കുവേണ്ടിയുള്ള ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മാര്‍പാപ്പ കത്തോലിക്കാസഭാംഗങ്ങളോട് ആവശ്യപ്പെട്ടു. 7ാം തിയതി ശനിയാഴ്ച വൈകീട്ട് 7 മണിമുതല്‍ 12 മണിവരെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രത്യേക ജാഗരപ്രാര്‍ത്ഥന നടത്തുമെന്നും തദവസരത്തില്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. ഈ പ്രാര്‍ത്ഥനയില്‍ തങ്ങളാല്‍ സാധിക്കുന്ന രീതിയില്‍ പങ്കുചേരുന്നതിനായി അകത്തോലിക്കരേയും അക്രൈസ്തവരേയും സന്മനസ്സുള്ള മറ്റെല്ലാവരേയും മാര്‍പാപ്പ ക്ഷണിച്ചിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ